Sunday, October 27, 2013

മെഡിക്കൽ ജേർണലിസം മലയാളത്തിൽ

മെഡിക്കൽ ജേർണലിസം മലയാളത്തിൽ
1962 ലാണു കേരള കൗമുദി ദിനപ്പത്രത്തില്
പ്രസൂതികാശാസ്ത്രസംബന്ധമായി ഡോ.ജി.വേലായുധൻ
ഒരു ലേഖനപരമ്പര സാധാരണ വായനക്കാർക്കു
വേണ്ടി എഴുതി പ്രസിദ്ധീകരിക്കുന്നത്.ഞാനന്നു
തിരുവനന്തപുരം മെഡിക്കൽകോളേജിൽ ഒന്നാം
വർഷഎം.ബി.ബി.എസ്സ് വിദ്യാർത്ഥി.മെഡിക്കൽ
കോളേജിലെ ജോലി രാജിവയ്ച്ചു ഡോ.ജി.വേലായുധൻ
എന്ന ഗൈനക്കോലജിസ്റ്റ് ഉള്ളൂരിനും പട്ടത്തിനും ഇടയിൽ
സ്വന്തമായി ജി.ജി ഹോസ്പിറ്റൽ തുടങ്ങിയ സമയം.
പരസ്യത്തിന്റെ ഭാഗമായി ഡോ.വേലായുധൻ എഴുതിയതാവാം.
അടിസ്ഥാന ഗൈനക്കോളജി പാഠപുസ്തപുസ്തകത്തിന്റെ
ഒരു സംക്ഷിപ്ത മൊഴിമാറ്റം.ഗർഭിണികൾക്കു വേണ്ടി
കാര്യമായ ബോധവൽക്കരണമോ,സ്വാനുഭവങ്ങളൊ
ഒന്നും ഇല്ലാത്ത ഒരു തനി മുഷിപ്പൻ ലേഖന പരമ്പര.
ഒരു മെഡിക്കൽ വിധ്യാർത്ഥി ആയിട്ടു പോലുമതു മുഴുവൻ
വായിക്കണമെന്നു തോന്നിയില്ല. തനി വിരസം.
പിൽക്കാലത്തെഴുതാൻ അതൊട്ടു പ്രചോദനവുമായില്ല.
ഡോ.വേലായുധന്റേതായി പിൽക്കാലത്തും അധികമൊന്നും
എഴുതികണ്ടില്ല.
1970 കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്നിരുന്ന മനൊരോഗ
ചികിൽസാ വിദഗ്ധൻ ഡോ.ടി.ഓ.ഏബ്രാഹിമിന്റെ ലേഖനപരമ്പര
ആണു പിന്നീടുണ്ടായ ലേഖന പരമ്പര.നല്ല ശൈലി.ലളിതം.
എഴുതാൻ പ്രചോദനം തന്ന ലേഖന പരമ്പര.പിന്നീട് പുസ്തകമായി.
കോട്ടയം മെഡിക്കൽ കോളേജിൽ ഹൗസ് സർജനായിരിക്കേ ഡോ.
ടി.ഓ ഏബ്രഹാം ടൂട്ടറായി അവിടെ ഉണ്ടായിരുന്നു.കൂടെ ജോലി നോക്കി.
പിന്നീട് അമേരിക്കയിൽ പോയി.അവിടെ സ്ഥിരമായി.പിന്നീടൊന്നും
എഴുതി കണ്ടില്ല. ഫോയിഡ് കണ്ട ചില സ്വപ്നങ്ങൾ ഡോ.ടി.ഓ
കണ്ടതായി എഴുതി എന്നതൊഴിച്ചാൽ കുറ്റം പറയാൻ ഒന്നുമില്ല.
ഡോ.ടി.ഓ പുസ്തകം ഓ. പി യിൽ കൊണ്ടു വന്നു രോഗികളുടെ
ഇടയിൽ വില്പന നടത്താനും ശ്രദ്ധിച്ചിരുന്നകച്ചവടകണ്ണുള്ള മനോരോഗ
ചികിസകനായിരുന്നു.
എഴുപതുകളിൽ മാതൃഭൂമി പത്രത്തിൽ കോഴിക്കോട്ടു നിന്നും ഡോ.സി.കെ
രാമചന്ദ്രൻ രോഗങ്ങളും സംശയങ്ങളും എന്ന ലേഖനപരമ്പര പ്രസിദ്ധീകരിച്ചു.
നല്ല ശൈലി.ലളിതം.പ്രായോഗിക കാര്യങ്ങൾ,സ്വാനുഭവം.എഴുതാൻ കൂടുതൽ
പ്രചോദനം തന്ന ലേഖന പരമ്പര.ഒട്ടു വിരസത തോന്നാതെ,മുഴുവൻ വായിച്ചു
പോകാം.എൻ.ബി.എസ്സ് അതു പുസ്തകമാക്കി.
തുടർന്നു ഡോ.അബ്ദുൾ ഗഫൂറിന്റെ ലേഖനങ്ങൾ.അതേതെങ്കിലും പത്രത്തിൽ
വന്നിരുന്നുവോ എന്നു തീർച്ചയില്ല.പുസ്തകമാണു ആദ്യം ശ്രദ്ധയിൽ
പെട്ടത്.
ഇതിനിടയിൽ ജനയുഗം വാരികയിൽ ഡോ.ബാലകൃഷ്ണൻ തമ്പി,ഡോ.ഹരിദാസ്
വെർക്കോട്ട്,ഡോ.ടി.കെ സതീഷ് ചന്ദ്രൻ എന്നിവർ രോഗികളുടെ സംശയങ്ങൾക്കു
മറുപടി നകുന്ന പംക്തികൾ കൈകാര്യം ചെയ്തു.നേത്രരോഗ ചികിൽസ്കൻ ആയിരുന്ന
ഡോ.സതീഷ് ചന്ദ്രൻ നേത്ര രോഗങ്ങളെ കുറിച്ചു ലേഖന പരമ്പര എഴുതി പുസ്തകമാക്കി.
ഒരപകടത്തെ തുടർന്നു കൊല്ലം കാരനായ ഡോ.സതീഷ് ചന്ദ്രൻ അകാലത്തിൽ അന്തരിച്ചു.
കാസർഗോഡുകാരനായ ഡോ.ഹരിദാസ് വെർക്ക്ക്കോട് പിൽക്കാലത്ത് എഴുതിയതൊന്നും
കണ്ടിട്ടില്ല.

No comments: