Tuesday, January 25, 2011

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും

എം.എന്നും ചാലയില്‍ പണിക്കരും കൊട്ടുകാപ്പള്ളിയും




കേരളാ ക്രൂഷ്ചേവ് എം.എന്‍. ഗോവിന്ദന്‍ നായരുടെ അപദാനങ്ങള്‍ എം.എസ്സ്.രാജേന്ദ്രന്‍,ഈ .ചന്ദ്രസശേഖരന്‍ നായര്‍,
പുര്യയി ചന്ദ്രന്‍,വി.പി ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ മലയാളം ജനുവരി 7 ലക്കത്തില്‍ എണ്ണിപ്പാടിയത് സന്തോഷപൂര്‍വ്വം വായിച്ചു.
പന്തിഭോജനം, പന്തളം ചേരിക്കലിലെ ഹരിജന്‍ സ്കൂള്‍,ജനയുഗം പത്രം, ഒരിന്ത്യന്‍ സംസ്ഥാനത്ത് ആദ്യമായി കമ്മ്യൂണിസ്റ്റ്
ഏകകക്ഷി ഭരണം,പിന്നെ കൂട്ടുകക്ഷി ഭരണം, ലക്ഷം വീടു-ഓണത്തിന്‌ ഒരു പറ അരി പദ്ധതികള്‍, ഇടുക്കി അണക്കെട്ട്,ഉഴാന്‍
ട്രാക്ടര്‍ എല്ലാം എല്ലാം ജനസൗഹൃദപരിപാടികള്‍.എന്നാല്‍ അത്രതന്നെ ജനസൗഹൃദമല്ലാത്ത,ജനവിരുദ്ധ എന്നു തന്നെ പറയാവുന്ന
ഒന്നു രണ്ടു പരിപാടികള്‍ കൂടി ആ തന്ത്രജ്ഞന്‍ നടപ്പാക്കി എന്ന കാര്യം മറച്ചുവച്ചു.
തിരുക്കൊച്ചി നിയമസഭയിലെ പ്രതിപക്ഷനേതാവ്,തൊഴിലാളി നേതാവ്
ടി.വി തോമസ് കേരള മുഖ്യമത്രിയാകാതെ നോക്കി.ഒരു പക്ഷേ ടി. വി ആയിരുന്നു കേരളത്തിലെ ആദ്യ മുഖ്യമന്ത്രി എന്നു വരുകില്‍
ഭരണചരിത്രം മറ്റൊരു വിധത്തിലാകുമായിരുന്നു.
കേരളത്തില്‍ കമ്മ്യുണിസ്റ്റ് ഭരണം വരും എന്നു എം.എന്‍ പ്രവചിച്ചപ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ പോലും അമ്പരന്നു എന്നതു വാസ്തവം.
എന്നാല്‍ അതിനു സഹായമായ വലിയൊരു തന്ത്രം മറച്ചു വയ്ക്കപ്പെട്ടു.സ്വന്തം ഭാര്യാപിതാവ് ചാലയില്‍ കെ.എം.പണിക്കര്‍
നല്‍കിയ വന്‍സഹായം.ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെ നീണ്ടു നിവര്‍ന്നു കിടന്നിരുന്ന കേരളാംബികയുടെ കണം കാലുകള്‍-
നാഞ്ചിനാടുള്‍പ്പെടുന്ന തെക്കന്‍ തിരുവിതാം കൂര്‍- നിഷ്കരുണം വെട്ടിമാറ്റിയ ക്രൂര കര്‍മ്മം.സംസ്ഥാനപുനസംഘടനാ കമ്മീഷന്‍
ചെയര്‍മാന്‍ എന്ന നിലയില്‍ പണിക്കര്‍ അഡ്ഡേഹം പുത്രീഭര്‍ത്താവിനു കൊടുത്ത സ്ത്രീധനം.
പണിക്കരുടെ ഈ ക്രൂരപ്രവൃത്തിയെ ഏറ്റവും നിശിതമായി വിമര്‍ശിച്ചത്,വിചിത്രമെന്നു പറയട്ടെ, ഒരു പാലാക്കാരന്‍ നസ്രാണി ആയിരുന്നു.
എം.പി ആയിരുന്ന പി.ടി ചാക്കോയെ പണം കൊടുത്തു രാജിവയ്പ്പിച്ച,തിരുവിതാം കൂര്‍ ഝാന്‍സി റാണി അക്കാമ്മ ചെറിയാനു
കോണ്‍ഗ്രസ്സ് ടിക്കറ്റ് നിഷേധിക്കാന്‍ കാരണക്കാരനായ,ഇടുക്കിയില്‍ ഒരണക്കെട്ട് എന്ന ആശയം കൊണ്ടു വന്ന,പാലാപ്പട്ടണത്തിനു
പേര്‍ നല്‍കിയ പാലാത്തു ചെട്ടിയാരുടെ ആദ്യ കാല ആശ്രിതന്‍, സാക്ഷാല്‍ കൊട്ടുകാപ്പള്ളി ജോര്‍ജ് തോമസ്.പാര്‍ ല മെന്റില്‍ കൊട്ടുകാപ്പള്ളി
അക്കാലത്തു നടത്തിയ പ്രസംഗം, കേരളമെന്നു കേട്ടാല്‍ അഭിമാനപൂരിതം എന്നവസാനിപ്പിച്ച ശശിതരൂരിന്റെ വിടവാങ്ങല്‍ പ്രസംഗവുമായി
തട്ടിച്ചാല്‍ ഒന്നു മഹാമേരു ; മറ്റേത് വെറും ചുണ്ടെലി.മലയാളപാഠാവലിയില്‍ ചേര്‍ക്കേണ്ട പ്രസംഗം സി.കേശവന്റെ കോഴഞ്ച്ചേരി പ്രസ്ംഗമോ
വേലുത്തമ്പിയുടെ കുണ്ടറപ്രസംഗമോ ശശിതരൂരിന്റെ പ്രസംഗമോ അല്ല കൊട്ടുകാപ്പള്ളിയുടെ അന്നത്തെ പാര്‍ ല മെന്റ് പ്രസംഗമാണ്‍.
ജോര്‍ജ് ആലയ്ക്കാപ്പള്ളി തയ്യാറാക്കിയ"'കൊട്ടുകാപ്പള്ളി" എന്ന ജീവചരിത്രത്തില്‍
ഈ പ്രസംഗം മുഴുവനായി നല്‍കിയിട്ടുണ്ട്.ഏതാനും ഭാഗം താഴെക്കൊടുത്തിരിക്കുന്ന ബ്ലോഗില്‍ വായിക്കാം.
http://trivandrum2009.blogspot.com/2009/08/blog-post_1630.html

Monday, January 24, 2011

രണ്ടായ (കൊച്ച്) ഉമ്മനേയും തൊമ്മനേയും ഒന്നെന്നു കണ്ട്...

രണ്ടായ (കൊച്ച്) ഉമ്മനേയും തൊമ്മനേയും ഒന്നെന്നു കണ്ട്...

ഇടമറുകു ജോസഫ് നാസ്തികനും (ആര്‍.കെ ദാമോദരന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് ജനുവരി 30 ലക്കം)
യുക്തിവാദിയും എന്നതിനു പുറമേ ഒരു ചരിത്രകാരനും
പത്രപ്രവര്‍ത്തകനും (മനോരമ ഈയര്‍ബുക് അദ്ദേഹത്തിന്റെ പരിശ്രമഫലം ആയിരുന്നു)
ആയിരുന്നു.മാവേലിക്കര പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളി(കോണ്ട്രാക്ടര്‍) യെ
കുറിച്ചു ഇടമറുക് എഴുതിയ സചിത്രലേഖനം അവിശ്വസിക്കേണ്ട കാര്യമില്ല.
ആര്‍ട്ടിസ്റ്റ് രാജാ രവിവര്‍മ്മ ഭീമസേനനെ വരയ്ക്കാന്‍ മോഡല്‍ ആക്കിയ പോളച്ചിറയ്ക്കല്‍
കൊച്ചുമ്മന്‍ ഇരുപതാം നൂറ്റാണ്ടില്‍,1904 കാലത്തെ ശബരിമല പുനര്‍നിര്‍മ്മാണകാലത്തു
കോണ്ട്രാക്ടര്‍ ആയിരുന്നു.

എന്നാല്‍ ഡോ.എസ്.കെ നായര്‍ പറയുന്ന കൊച്ചുമ്മന്‍,ആലങ്ങാടു കാരുടെ കൂടെപ്പോയ
കൊച്ചുമ്മന്‍, പുരാതനകാലത്ത് അയ്യപ്പന്റെ ജീവിതകാലത്ത്,അതായത് വാവര്‍ ജീവിച്ചിരുന്ന കാലത്ത്
പതിനാലാം നൂറ്റാണ്ടില്‍ (പന്തളം രാജവംശം തിരുവിതാം കൂറില്‍ കുടിയേറിയത്
പതിമൂന്നാം നൂറ്റാണ്ടില്‍) ആര്‍ത്തുങ്കല്‍ ജീവിച്ചിരുന്നതായി അദ്ദേഹം ആഖ്യായികയില്‍ പറഞ്ഞ
കൊച്ചുതൊമ്മന്‍ ആവണം.രണ്ടും രണ്ടു പേര്‍ .ശ്രീ.രവിമേനൊന്റെ ലേഖനത്തില്‍
ശബരിമല പുനര്‍നിര്‍മ്മിതി കാലഘട്ടം വ്യക്തമാക്കാതെ വന്നതിനാല്‍ ഉണ്ടായ തെറ്റിദ്ധാരണ യാണ്‌
ശ്രീ.ആര്‍.കെ .ദാമോദരനെ വിമര്‍ശിക്കാന്‍ ഇടവന്നത്.അതില്‍ ഖേദിക്കുന്നു.

ഡോ.നായരുടെ കൊച്ച് തൊമ്മന്‍ (ആര്‍.കെയുടേയും) ജീവിച്ചിരുന്ന ആളോ കല്‍പ്പിതകഥാപാത്രമോ എന്നറിവില്ല.
സി.വിയുടെമാര്‍ത്താണ്ഡവര്‍മ്മയിലെ അനന്തപദ്മനാന്‍ഭന്‍( ഭ്രാന്തന്‍ ചാന്നാന്‍) പോലെ
ആഖ്യായികയിലെ ഒരു കല്‍പ്പിതകഥാപാത്രവും ആകാം.ഡോ.എസ്.കെ.
നായരല്ലാതെ ആരെങ്കിലും ഈ കൊച്ചു തൊമ്മനെ കുറിച്ചു എഴുതിയതായും അറിവില്ല.
പോളച്ചിറയ്ക്കല്‍ കൊച്ചുമ്മന്‍ മുതലാളി 100 കൊല്ലം മുമ്പു മാവേലിക്കരയില്‍
ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു.മരണം 1907 ല്‍.അതു ചരിത്രസത്യം.

Thursday, January 20, 2011

ടാങ്ക്മനുഷ്യന്‍

മധുരമനോഹര മനോജ്ഞ ചൈനയിലെ


മഴയത്തു നനഞ്ഞു നിന്ന ,രാജന്‍ എന്ന യുവാവിനെകുറിച്ചു
മലയാളത്തില്‍ എത്രയോ എഴുതപ്പെട്ടു.എത്ര ചലച്ചിത്രം.
മധുരമനോഹര മനോജ്ഞ ചൈനയിലെ ആ പാവം ടാങ്ക്മാനെ കുറിച്ചെഴുതാന്‍
ഒരേ ഒരു സക്കറിയാ മാത്രം.
http://www.youtube.com/watch?v=qV-tk8CrqCQ

Tuesday, January 18, 2011

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.

അതു ചെയ്തതു കേരളഭൂഷണമല്ല; കേരളദ്ധനിയത്രേ.
കേരളഭൂഷണം പത്രക്കാര്‍ സി.ഐ.ഏയുടെ പണം വാങ്ങി എന്ന വാരാന്ത്യം ജയശങ്കറിന്റെ പരാമര്‍ശം
(മാതൃഭൂമി ആഴ്ചപ്പതിപ്പ് 88:46 പേജ്27) ശരിയാണെന്നു തോന്നുന്നില്ല. കേരളദ്ധനി സ്ഥാപകനുനായ
ഡോ.ജോര്‍ജ് തോമസ് (പിന്നീടദ്ദേഹം കേരളഭൂഷണവും ഭാര്യ റേച്ചല്‍ തോമസ് കാനം ഈ.ജെ തുടങ്ങിയ
മനോരാജ്യം ആഴ്ചപ്പതിപ്പും വിലയ്ക്കു വാങ്ങി എന്നതു സത്യം) പണം വാങ്ങി എന്നാണ്‌ കോട്ടയം സംസാരം.

ഞങ്ങള്‍ തിരുവിതാംകൂര്‍ കാര്‍ വായിച്ചു തുടങ്ങിയത് പി.സി.കോരുതിന്റെ പൗരദ്ധ്വനിയും സ്വരാജ് ശങ്കുണ്ണിപ്പിള്ളയുടെ
ദേശബന്ധുവും ആണെങ്കിലും മനസ്സില്‍ താലോലിച്ച ആദ്യ പത്രം ഏ.വി. ജോര്‍ജിന്റെ( മുന്‍ എം.പി.വര്‍ക്കി ജോര്‍ജിന്റെ പിതാവ്)
കേരളഭൂഷണം ആയിരുന്നു എന്നു ഗൃഹാതുരത്വത്തോടെ ,ആദരോവോടെ ഓര്‍മ്മിക്കുന്നു.കെ.ആര്‍ .രവിയുടെ നിയമസഭാവലോകനം,
വാരാന്ത്യപ്പതിപ്പിലെ ജി.വിവേകാനന്ദന്റെ യക്ഷിപ്പറമ്പ് എന്നിവ ഇന്നും മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.കെ.ബാലകൃഷ്ണന്റെ കൗമുദി വിശേഷാല്‍
പ്രതികള്‍ക്കു മുമ്പ് അരങ്ങു തകര്‍ത്തിരുന്നു കേരളഭൂഷണം വിശേഷാല്‍ പതിപ്പുകള്‍. തങ്കപ്പന്റെ ജീവന്‍ തുടിക്കുന്ന ഫോട്ടോകള്‍
മുഖച്ചിത്രം. വള്ളത്തോള്‍,ജി, പി,കേസരി,കുറ്റിപ്പുഴ,കെ.പി.പദ്മനാഭന്‍ തമ്പി തുടങ്ങിയവര്‍ സ്ഥിരം എഴുത്തുകാര്‍.
അന്ന്‍ മനോരമ ഒന്നുമല്ല.മാതൃഭൂമി ആഴ്ചപ്പതിപ്പു കിട്ടുമെങ്കിലും ദിനപ്പത്രം തിരുവിതാംകൂറില്‍ വിരളം.
ഇന്നും ആദരോവോടെ ഓര്‍മ്മിക്കുന്ന,ഞങ്ങള്‍ തിരുവിതാംകൂര്‍ കാരില്‍ സാഹിത്യവാസന വളര്‍ത്തിയ കേരളഭൂഷണത്തെ
തെറ്റായി ചിത്രീകരിച്ചതു കണ്ടു ദുഖം തോന്നി.
കേരളദ്ധ്വനി സ്ഥാപകന്‍ ഡോ.ജോര്‍ജു തോമസ് ചെയ്ത കുറ്റം ഏ.വി.ജോര്‍ജിന്റെ കേരളഭൂഷണത്തിന്റെ തലയില്‍ ചാരിയത്
ശരിയായില്ല.

Tuesday, January 11, 2011

സ്വാമി വിവേകാനന്ദനും മനോന്മണീയം സുന്ദരന്‍ പിള്ളയും



സാമി വിവേകാന്ദന്റെ ജന്മദിനമായ 2011 ജനുവരി12 നു മനോരമ പഠിപ്പുരയില്‍ ഉത്തിഷ്ഠത ജാഗ്രത
എന്ന പേരില്‍ വന്ന സചിത്രലേഖനത്തില്‍ ചട്ടമ്പി സ്വാമികളുമായി നടത്തിയ സംഭാഷണം
ഉള്‍പ്പെടുത്തിയിരിക്കുന്നു.

എന്നാല്‍ പണ്ഡിതാഗ്രേസനും പഠനം കൊണ്ടു തത്വചിന്തകനായി വളര്‍ന്ന,തിരുവിതാം കൂറിലെ
ആദ്യ എ.എ ക്കാരന്‍, പ്രൊഹസ്സര്‍ സ്ഥാനം ലഭിച്ച ആദ്യ നാല്‌ ഇന്താക്കാരില്‍ ഒരാള്‍,ആദ്യ തിരുവിതാംകൂര്‍
പ്രൊഹസ്സര്‍,മനോന്മണീയം എന്ന നാടകത്തിന്റെ കര്‍ത്താവ്,തിരുക്കൊച്ചി ധനകാര്യമന്ത്രി പി.എസ്സ്.നടരാജപിള്ള
യുടെ പിതാവ് തുടങ്ങി പലവിധത്തില്‍ പ്രസിദ്ധനായിരുന്ന മനോന്മണീയം സുന്ദരന്‍പിള്ളയെ പേരൂര്‍ക്കടയിലെ
അദ്ദേഹത്തിന്റെ വാസസ്ഥലമായ ഹാര്‍വ്വിപുരം ബംഗ്ലാവ് തപ്പിപ്പിടിച്ചു ചെന്ന്‍ സ്വാമികള്‍ സംവാദം നടത്തിയ
കാര്യം പരാമര്‍ശിക്കാതെ വിട്ടു എന്നു ചൂണ്ടിക്കാണിക്കട്ടെ.

പി.സുബ്ബയ്യാപിള്ള കേരള സാംസ്കാരിക വകുപ്പിനു വേണ്ടി 1991 ല്‍ പ്രസിദ്ധീകരിച്ച പി.എസ്സ്.നടരാജപിള്ളയുടെ
ജീവചരിത്രം പേജ് 18 ല്‍ ഈ സംഭവം വിവരിക്കപ്പെടുന്നു.കൊച്ചുമകന്‍ പ്രൊഫ.സുന്ദാരം പിള്ള തിരുനെല്‍ വേലി
എം.ഡി.ടി.ഹിന്ദുകോളേജ് ശതാബ്ദി (1976) സോവനീറിലും ഈ സംഭവം വിവരിച്ചിട്ടുണ്ട്(പേജ് 18)
തിരുവിതാം കൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചതും ആദ്യ മേധാവി ആയിത്തീര്‍ന്ന സുന്ദരം പിള്ള ആയിരുന്നു.
അദ്ദേഹത്തിന്റെ മനോന്മണീയം നാടകത്തിലെ അവതരണ ഗാനമാണ്‌ തമിഴ്നാട്ടിലെ ദേശീയഗാനം.തിരുനെല്‍ വേലിയിലെ
എം.എസ്സ് (മനോന്മണീയം സുന്ദര്‍നാര്‍) യൂണിവേര്‍സിറ്റി അദ്ദേഹത്തിന്റെ സ്മരണക്കായ് ജയലളിത സര്‍ക്കാര്‍ സ്ഥാപിച്ചതാണ്‌.
സുന്ദരം പിള്ള വക ആയിരം ഏക്കര്‍ ഹാര്‍വ്വിപുരം കുന്നു സര്‍.സി.പി പി.എസ്സ്.നടരാജപിള്ളയോടുള്ള വാശി തീര്‍ക്കാന്‍ കണ്ടുകെട്ടി.അതിന്നു
ഹാര്‍വ്വിപുരം കോളനി ആണ്‌.ചിക്കന്‍ ഗുനിയായെ തടഞ്ഞു നിര്‍ത്തി വന്‍ വാര്‍ത്താപ്രാധാന്യം നേടിയ പ്രദേശം. സുന്ദരന്‍ പിള്ള
മകന്‍ പി.എസ്സ്.നടരാജപിള്ള എന്നിവരുടെ സ്മരണ നില നിര്‍ത്താന്‍ ഹാര്‍വ്വിപുരം കോളനിയുടെ പേര്‍ സുന്ദരം നടരാജപുരം
എന്നാക്കി മാറ്റാന്‍ അധികൃതര്‍ ശ്രദ്ധിക്കണം