Monday, November 03, 2014

പ്രിയപ്പെട്ട കുമാരനെ അന്വേഷിച്ച് ഒരിക്കൽ കൂടി

പ്രിയപ്പെട്ട കുമാരനെ അന്വേഷിച്ച് ഒരിക്കൽ കൂടി

ചെറുപ്പത്തിൽ പ്രൈമറി-മിഡിൽസ്കൂൾ പഠനകാലത്ത്,
പരീക്ഷകൾക്കു വിവിധ വിഷയങ്ങളീഅധാരമാക്കി
കൂട്ടുകാരനു കത്തെഴുതാൻ ചോദ്യം ഉണ്ടാകുക് പതിവായി
രുന്നു.അപ്പോഴെല്ലാം കത്തെഴുതിയിരുന്നത് ഒരേ കൂട്ടുകാരനായിരുന്നു.കൂടുകാരന്റെ മേ.വി താഴെക്കൊടുക്കുന്ന വിധമായിരുന്നു.

ശ്രീ.പി.ഐ.കുമാരൻ അവർകൾക്ക്
പ്ലാന്തോട്ടം വീട്,
ആണ്ടൂർ,മരങ്ങാട്ടുപള്ളി,പി.ഓ

പക്ഷേ പിൽക്കാലത്തൊന്നും ആ കൂട്ടുകാരനെ നേരിൽ കാണാൻ ശ്രമിച്ചില്ല.
അല്ലെങ്കിൽ സമയം കിട്ടിയില്ല.
രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ,ഏഴാം വയസ്സിൽ ആനിക്കാടു പള്ളിക്കത്തോട്ടിൽനിന്നും കാനത്തിലേയ്ക്കു ബന്ധുമിത്രാദികളോടൊപ്പം അരടിയന്തിരത്തിനു ശേഷം
സന്ധ്യമയക്കത്തിനു നടന്നു വരുമ്പോൾ തോപ്പിൽ
(ഫെൻ കുടുംബം)കാരുടെ ഗേറ്റിനു
മുൻപിൽ ഒരു വച്ചു ഒരു സൈക്കിൾ ഇടിച്ചു.വലതുകാലിനു ക്ഷതം സംഭവിച്ചു.
നാട്ടിലെ പരമുവൈദ്യർ ഒടിഞ്ഞു എന്നു പറഞ്ഞു.നാടൻ രീതിയിൽ പാല മരത്തിലുണ്ടാക്കിയപാത്തിയിൽ കാലുറപ്പിച്ചു ധാരയും മറ്റുമായി ഒരു മാസം സ്കൂളിൽ പോകാതെ കിടന്നു.
കെട്ടെല്ലാം അഴിച്ചു കാലു നിലത്തു കുത്തിയപ്പോൾ നീളക്കുറവ്.
അങ്ങിനെയാണു അക്കാലത്തെ ഏറ്റവും പ്രസിദ്ധനായ മരങ്ങാട്ടുപള്ളി വൈദ്യന്റെ അടുത്ത്
പിതാവ് എന്നെ കൊണ്ടു പോകുന്നത്. "എല്ല് കയറി മുറികൂടി. എല്ലു വീണ്ടും ഒടിച്ച ശേഷം
ശരിയായി പിടിച്ചിട്ട് വീണ്ടും മുറികൂട്ടണം " എന്നായിരുന്നു പരമു വൈദ്യന്റെ പ്രതികരണം.
തങ്കൻ വൈദ്യൻ ആദ്യ പരിശോധനയിൽ തന്നെ പറഞ്ഞു.ഒടിക്കേണ്ട കാര്യമൊന്നുമില്ല.
"തിരുമ്മി ശരിയാക്കാം.മൂന്നാഴ്ച കിടക്കണം." അങ്ങിനെ ആണ്ടൂർ പ്ലാത്തോട്ടം വൈദ്യന്റെ
മാളികയിൽ പ്രാവിങ്കൂട്ടിലെ പ്രാവുകളുടെ വരത്തു പോക്കു കാണലും തിരുമ്മലും കുഴമ്പിടലും മറ്റുമായി
മൂന്നാഴ്ച കഴിഞ്ഞു 1952 കാലത്ത്,
അക്കാലത്ത് വൈദ്യന്റെ മകൻ, രണ്ടു വയ്സ്സ് കൂടുതലുള്ള കുമാരൻ ആയിരുന്നു കൂട്ട്.
പി.ഐ.കുമാരൻ.
ആ കുമാരനായിരുന്നു പരീക്ഷാ പേപ്പറുകളിലെ എഴുത്തുകൾ.

ഈയിടെ ഉഴവൂർ അവർ ലേഡി ലൂർദ് ഹയർ സെക്കണ്ടറി സ്കൂളിൽ ഫാമിലി ലൈഫ്
എഡ്യൂക്കേഷൻ ക്ലാസ് കഴിഞ്ഞു വരുമ്പോൾ പഴയ കാല സുഹൃത്ത് കുമാരനെ
കുറിച്ച് ഒന്നന്വേഷിക്കാൻ സമയം കണ്ടെത്തി.
അന്നത്തെ ഒൻപതുവയസ്സുകാരൻ,വീട്ടിലുണ്ടായിരുന്ന നാടൻ തോക്കുപയോഗിച്ച്
എതിർവശത്തുള്ള പാടത്തിൽ വരുന്ന മുണ്ടികളെ(കൊക്ക്) ഉന്നം തെറ്റാതെ വെടിവച്ചിടുമായിരുന്ന
ആ കൂട്ടുകാരൻ,ഇന്ന് 72 വയസുള്ള കുമാരൻ വൈദ്യൻ,നാട്ടുകാരുടെ-രോഗികളുടെ" വാവാ
വൈദ്യൻ".മകൻ ശ്രീജുവും മരുമകൾ ഷിൽപ്പയും കൂടെ ആയുർവേദ ഡോക്ടർമാരായി
പ്രാക്ടീസ് ചെയ്യുന്നു.ഞാൻ ചെല്ലുമ്പോൾ മകനും മരുമകനും സ്ഥലത്തില്ല.അതിനാൽ കാണാൻ
സാധിച്ചില്ല.എം.ഡിക്കാരിയായ,കോട്ടയം മെഡിക്കൽ കോളേജിൽ പഠിച്ചു പാസ്സായ, അഖില
എന്നൊരു മകൾ കൂടിയുണ്ടായിരുന്നു എന്നറിഞ്ഞു.പക്ഷേ എം.ഡി.പാസ്സായി എന്ന അറിഞ്ഞ
ദിവസം,മണിമല സർക്കാർ ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന ദിവസം
മരണത്തിനിരയായി എന്ന ദുഖ വാർത്തയും വാവാ വൈദ്യൻ പറഞ്ഞു.93 ബാച്ചുകാരിയായിരുന്ന
എന്റെ മകൾക്കറിയാവുന്ന കുട്ടിയാവണം.

ഫിസിയോ  തെറാപ്പിസ്റ്റുകൾ

ഇന്നും നാട്ടിലെല്ലാം,താലൂക്ക് ആസ്ഥാനങ്ങളിൽ വരെ
ഫിസിയോതെറാപ്പിസ്റ്റുകളെ,അവരുടെ ക്ലിനിക്കുകളെ
കാണാം.അൻപതു കൊല്ലം മുമ്പാകട്ടെ തിരുമ്മൽ വിദഗ്ദർ
വളരെ ചുരുക്കവും .മധ്യ തിരുവിതാം കൂറുകാർക്ക്
അന്നാശ്രയം "മരങ്ങാട്ടു പള്ളി വൈദ്യൻ" ആയിരുന്നു.
അഞ്ച് തലമുറകളായി പ്ലാന്തോട്ടം വൈദ്യന്മാർ അറിയപ്പെടുന്ന
ഫിസിയോ തെറാപ്പിസ്റ്റുകളാണ്.
കുഞ്ഞൻ കുഞ്ഞൻ
വൈദ്യൻ ആണു ആദ്യ തിരുമ്മൽ വൈദ്യൻ
നിധീരിക്കൽ മാണിക്കത്തനാരുടെ ശിഷ്യൻ  പുളുക്കിയിൽ
വല്യച്ചൻ (1862-1945) കുഞ്ഞൻ വൈദ്യന്റെ ഉറ്റ തോഴനായിരുന്നു.
അദ്ദേഹം വഴി കുഞ്ഞൻ പാലാക്കാട്ടുമല  അന്ത്രയോസ് വൈദ്യനിൽ
നിന്നും ചികിൽസയും തിരുമ്മും പഠിച്ചു.മാണിക്കത്തനാരും പിന്നീട്
കുഞ്ഞൻ വൈദ്യന്റെ സുഹൃത്തായി.പെരുനെല്ലി കൃഷ്ണൻ വൈദ്യനും
മാണിക്കത്തനാർ വഴി കുഞ്ഞന്റെ സുഹൃത്തായി.104 വയസ്സുവരെ
ജീവിച്ച കുഞ്ഞൻ സ്വത്തുക്കൾ 80/76 വയസ്സുള്ള മക്കളെ ഏൽപ്പിച്ച ശേഷം
മരിക്കും മുമ്പു കൃസ്ത്യാനിയായി "ഔസേപ്പു മാപ്പിള" ആയിമാർഗ്ഗം
കൂടി.1929ല് മരിച്ചപ്പോൽ ഔസേപ്പ് മാപ്പിളയെ മരങ്ങാട്ടു പള്ളിയിൽ
കബറടക്കി.
രണ്ടാം തലമുറയിൽ കുഞ്ഞന്റെ മക്കൾ ഇട്ടുണ്ടാനും കൊച്ചു വൈദ്യനും
പുക്ഴ്പെറ്റ തിരുമ്മൽ വിദഗ്ദർ ആയിരുന്നു.ഇട്ടുണ്ടാൻ വൈദ്യന്റെ മകൻ
ശങ്കരൻ(തങ്കൻ) വൈദ്യനായിരുന്നു 1952 ല് എനിക്കു ചികിസ നൽകിയത്.
2000 ല് 92 വയസ്സുള്ളപ്പോൾ അദ്ദേഹം അന്തരിച്ചു.തങ്കൻ വൈദ്യന്റെ
മകനാണു നാലാം തലമുറയിലെ വാവാ വൈദ്യൻ എന്ന എന്റെ ബാല്യകാല
സുഹൃത്ത് കുമാരൻ.
അഞ്ചാം തലമുറയിൽ ഡോ.ശ്രീജു കുടുംബപാരമ്പര്യം കാത്തു സൂക്ഷിക്കുന്നു

No comments: