Tuesday, February 07, 2023

അവർ ഇന്നെത്തുന്നു

ഡോ .കാനം ശങ്കരപ്പിള്ള 94470 35416 നാൽപ്പത്തി അഞ്ചു കൊല്ലം മുമ്പാണ് മനോരമ വനിത മാസിക എഡിറ്റർ ശ്രീമതി ഇന്ദു ബി നായരുടെ ( മുൻ ചീഫ് സെക്രട്ടറി സി.പി നായരുടെ സഹോദരി ,ഹാസ്യ കഥാകാരൻ , നാടകകൃത്ത്, നടൻ എന്നീ നിലകളിൽ പ്രശസ്തനായിരുന്ന എൻ പി ചെല്ലപ്പൻ നായരുടെ മകൾ , എന്റെ സുഹൃത്തും യൂറോ സർജനുമായിരുന്ന ചവറ ഡോ. ഗോപകുമാറിന്റെ ഭാര്യാ സഹോദരി ) ആവശ്യ പ്രകാരം വനിതയ്ക്കു വേണ്ടി “ അവർ നാൽവർ “ എന്ന പേരിൽ ഒരു സചിത്ര ലേഖനം എഴുതി . വൈക്കം സർക്കാർ ഹോസ്പിറ്റലിൽ സേവനം അനുഷ്ടിക്കും കാലം (1976-79 )വന്ധ്യതക്ക് ചികിത്സ നൽകിയ ഒരു യുവതി നാല് കുട്ടികളെ ഒന്നിച്ചു ഗര്ഭം ധരിച്ച അനുഭവ കഥ. പിൽക്കാലം ആ കുട്ടികൾക്ക് എന്ത് സംഭവിച്ചു എന്നറിയാൻ ആഗ്രഹം തോന്നി. പ്രിയ സുഹൃത്ത് തത്വമസി ടി ജി വിജയകുമാർ നയിക്കുന്ന തത്വമസി സോഷ്യൽ ഗ്രൂപ്പിൽ ഞാൻ ഇക്കാര്യം കാട്ടി ഒരു കുറിപ്പ് എഴുതി . അതിൽ അംഗം ആയിരുന്ന ഒരു സഹോദരിക്ക് ആ കുടുംബത്തിനെ അറിയാമായിരുന്നു . അവർ കുടുംബത്തെ വിവരം അറിയിച്ചു . അവർ മനോരമ വൈക്കം ലേഖകനായി ബന്ധപ്പെട്ടു. തുടര്ന്ന് കൊറോണാ കാലത്തു തന്നെ എന്നെ വീഡിയോ കോൺഫ്രൻസ് വഴി ആ കുടുംബം ബന്ധപ്പെട്ട് എന്നെ അത്ഭുത പ്പെടുത്തി. അന്നത്തെ നാലവരിൽ രണ്ടുപേർ സന്ധ്യയും സിന്ധുവും ഇന്ന് നാൽപ്പത്തി അഞ്ചു കാരികൾ . പിന്നെ അവർക്കു ഒരു സഹോദരൻ കൂടിയുണ്ട് . അച്ഛനും അമ്മ ഭവാനിയും ഇന്നും ആരോഗ്യവാന്മാർ. എല്ലാവര്ക്കും കൂടി എന്നെ പൊന്കുന്നത്ത് വന്നു കാണാൻ കൊതി. കോവിഡ് കാലമല്ലേ . ഇപ്പോൾ വേണ്ട . കോവിഡ് തരംഗം കഴിയട്ടെ എന്ന് പറഞ്ഞു ഞാൻ. ഇപ്പോൾ കോവിഡ് തരംഗം കഴിഞ്ഞു തിമിര ബാധയാൽ കാഴ്ച കുറഞ്ഞ ഞാൻ രണ്ടാഴ്ച മുമ്പ് ശസ്ത്രക്രിയ വഴി പഴയ കാഴ്ച വീണ്ടെടുത്ത് കഴിഞ്ഞു . ഇപ്പോൾ ആളുകളെ വ്യക്തമായി കാണാം . ആഹാ, ലോകം എത്ര മനോഹരം . ആളുകൾ എല്ലാം സുനരന്മാരും സുന്ദരിമാരും.
അന്ന് എന്റെ കൈകളിലൂടെ ലോകം കണ്ട ആ രണ്ടു പെൺകുട്ടികൾ , ഇന്ന് നാൽപ്പത്തി അഞ്ചു കാരികള്. മാതാപിതാക്കൾ സഹോദരൻ എന്നിവരോടൊപ്പം എന്നെ കാണാൻ പൊന്കുന്നത് നീലകണ്‌ഠ നിലയത്തിൽ രാവിലെ എത്തും .
ആ കാഴ്ച കാണാൻ ഇൻഗ്ലണ്ടിൽ സീനിയർ ഗൈനക്കോളജിസ്റ്റ് ആയ എന്റെ മകനും പ്രിയ ശാന്തയും ഉണ്ടാവും . ഏറെ സന്തോഷം നൽകുന്ന ഒരു കൂടിക്കാഴ്ച്ച
2022 മെയ് 27 വെള്ളി

No comments: