Monday, June 01, 2009


മനോന്മണീയം സുന്ദരനാര്‍

മനോന്മണീയം സുന്ദരനാര്‍ എന്നു തമിഴരും പ്രൊഫ. സുന്ദരംപിള്ള എം.ഏ എന്നു മലയാളികളും വിളിച്ചിരുന്ന
തത്വശാസ്ത്രപ്രൊഫസറെക്കുറിച്ച് പി.ഗോവിന്ദപ്പിള്ള 1760 ലക്കംപേജ് കലാകൗമുദിയില്‍ 'ഡാര്‍വിനും മലയാളനാടും' എന്ന
ലേഖനത്തില്‍ എഴുതിയ ഭാഗത്തിന് അല്‍പം കൂട്ടിച്ചേര്‍ക്കല്‍.


തിരുവിതാംകൂറില്‍ നിന്നും ആദ്യമായി എ.ഏ ബിരുദം(തത്വശാസ്ത്രം)
നേടിയ ആളായിരുന്നതിനാല്‍ അദ്ദേഹം എം.ഏ.സുന്ദരന്‍ പിള്ള (1855-1897)എന്നാണറിയപ്പെട്ടിരുന്നത്.

ശിവരാജയോഗി തൈക്കാട് അയ്യസ്വാമികളുമൊത്ത് തിരുവനന്തപുരത്ത് അദ്ദേഹം ശൈവപ്രകാശ സഭതുടങ്ങി.
അദ്ദേഹത്തെ സ്വാമി വിവേകാനന്ദന്‍ ഇങ്ങോട്ടു വന്നു സന്ദര്‍ശിക്കയായിരുന്നു. പ്രൊഫസറുടെ ഗുരുവായിരുന്ന
ഹാര്‍വ്വി സായിപ്പിന്‍റെ സ്മരണക്കായി പേരൂര്‍ക്കടയിലെ ആയിരമേക്കര്‍ വരുന്ന കുന്നില്‍ അതിമനോഹരമായ
ഒരു ബങ്ലാവ്(ഹാര്‍വ്വി ബങ്ലാവ്)പണിയിച്ച് അതിലായിരുന്നു അദ്ദേഹം താമസ്സിച്ചിരുന്നത്.മരുതിമൂട് എന്നായിരുന്നു
അക്കാലത്തെ സ്ഥലനാമം. നാണുവും(പില്‍ക്കാലത്തു ശ്രീനാരായണഗുരു)കുഞ്ഞന്‍ ചട്ടമ്പിയും(പില്‍ക്കാലത്തു ചട്ടമ്പി സ്വാമികള്‍)
ഹാര്‍വ്വി ബങ്ലാവിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു.പ്രൊഫസ്സറുടെ പത്നി ശിവകാമി അമ്മ
അവര്‍ രണ്ടുപേരുടേയും പോറ്റമ്മയും ആയിരുന്നു.

സി.വി.രാമന്‍ പിള്ള,ആര്‍ ഈശ്വരപിള്ള, കെ.പി ശങ്കര മേനോന്‍, പോള്‍ ഡാനിയല്‍ എന്നിവര്‍ സുന്ദരന്‍ പിള്ളയുടെ
ശിഷ്യരായിരുന്നു.തിരുവിതാംകൂറിലെ ആര്‍ക്കിയോളജി വകുപ്പു സ്ഥാപിച്ചത്
അതിന്‍റെ ആദ്യ മേധാവിയായിത്തീര്‍ന്ന സുന്ദരന്‍ പിള്ളയാണ്.പേരൂര്‍ക്കടയില്‍ അഞ്ചലാഫീസ്സും പോലീസ് സ്റ്റേഷനും
തുടങ്ങാന്‍ കാരണം പ്രൊഫസ്സറായിരുന്നു.

തമിഴ്നാട്ടിലെ ദേശീയഗാനം അദ്ദേഹത്തിന്‍റെ മനോന്മണീയത്തിലെ ആദ്യഗാനമാണ്.പത്തു പാട്ട്,തിരുവിതാംകൂറിലെ ചില പുരാതന രാജാക്കന്മാര്‍ ,
ന്നൂറ്റൊകൈ വിളക്കം എന്നിവയും പ്രസിദ്ധം.ലണ്ടന്‍ ഹിസ്റ്റോറിക്കല്‍ സൊസ്സൈറ്റിയിലെ അംഗമായിരുന്നു.
ഏക മകന്‍ തിരുക്കൊച്ചി ധനമന്ത്രിയായി ത്തീര്‍ന്ന പി.എസ്.നടരാജപിള്ളയാണ്
സി.പി രാമസ്വാമി അയ്യരെ ആദ്യമായി തിരുവിതാംകൂറില്‍കൊണ്ടുവന്നത്.സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായതോടെ
പി.എസ്സ് നടരാജപിള്ളയുടെ ശത്രുവായി മാറിയ സി.പി,പിതാവ് ആര്‍ജ്ജിച്ചു നല്‍കിയ ആയിരമേക്കര്‍ ഹാര്‍വ്വിപുരം
കുന്നും അതിലെ ബങ്ലാവും സര്‍ക്കാരിലേക്കു കണ്ടുകെട്ടി. പേരൂര്‍ക്കറ്റയിലെ ഏഴുസെന്‍റിലെ
ഓലപ്പുരയില്‍ മന്ത്രിയായിരുന്നപ്പോഴും താമസ്സിച്ചിരുന്ന നടരാജപിള്ളയാണ് നമ്മുടെ ബഡ്ജറ്റുകള്‍ക്കു
അടിസ്ഥാനമിട്ടതും ഭൂപരിഷ്കരണം നടപ്പിലാക്കന്‍ ശ്രമിച്ചതും.കണ്ണന്‍ ദേവന്‍ കമ്പനി ഏറ്റെടുക്കാനും ആരാജ്യസ്നേഹി ശ്രമിച്ചു.
ചര്‍ച്ചയ്ക്കായി അങ്ങോട്ടു ചെന്ന പി.എസ്സിനെ ജനറല്‍ മാനേജരായിരുന്ന വാട്ടര്‍മാന്‍ എന്ന സായിപ്പ് അധിക്ഷേപിക്കാന്‍ ശ്രമിച്ചതും
ക്ഷമാപൂര്‍വ്വം പെരുമാറി സായിപ്പിന്‍റെ ആദരവ് സമ്പാദിച് ച്പി.എസ്സ് മടങ്ങിയതിന് അന്നത്തെ കോട്ടയം സബ്കളക്ടര്‍
(പിന്നീട് പ്രധാനമന്ത്രി ഓഫീസ്സിലെ പ്രധാനി)പി.സി.അലക്സാണ്ടര്‍ സാക്ഷി.ഒപ്പം കളക്ടര്‍ ആയിരുന്ന ഗോവിന്ദമേനോനും.

ഇന്ന്‍ ഹാര്‍വ്വിപുരം ഒരു കോളനിയാണ്.'ബ്രിട്ടോ ഇന്‍ഡ'ക്സ് നോക്കി ചിക്കന്‍ഗുനിയായെ പ്രതിരോധിച്ചു
വാര്‍ത്താപ്രാധാന്യം നേടിയ ഹാര്‍വ്വിപുരം കോളനി പി.എസ്സ്.നടരാജപിള്ളയുടെ പിത്രുസ്വത്താണെന്നറിയാവുന്നവര്‍
വിരളമായിരിക്കും.
ആലപ്പുഴയില്‍ ജനിച്ചു തിരുവനന്തപുരത്തു ജീവിച്ചു മണ്ണടിഞ്ഞ
മനോന്മണീയം സുന്ദരന്‍ പിള്ളയ്ക്കോ മകന്‍ നടരാജപിള്ളയ്ക്കോ തിരുവനന്തപുരത്തു സ്മാരകമില്ല.
അവരുടെ വകയായിരുന്ന ഹാര്‍വ്വിപുരം എന്ന കോളനിയ്ക്കെങ്കിലും അവരുടെ പേര്‍
'സുന്ദരനടരാജപുരം' എന്നു പേരിടാന്‍ അധികൃതര്‍ ശ്രദ്ധിക്കുമോ?'

No comments: