Thursday, January 17, 2019

പേര് മാറ്റാത്തവര്




കേരളത്തില്‍ ഇന്ന് കാണപ്പെടുന്ന ദ്രാവിഡ ജനസമൂഹങ്ങള്‍ അവരുടെ പഴയകാല നാമം ഉപേക്ഷിച്ചു പുതിയ നാമം സ്വീകരിച്ച വിവരം ശ്രീ കെ.കെ കൊച്ച്, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2019 ജനുവരി 20-26 ലക്കത്തില്‍ (പുറം 42-49), എഴുതുന്നു (“നവോത്ഥാന ചരിത്രത്തില്‍ ചേരമര്‍ മാഞ്ഞു പോയത് എങ്ങനെ ?”).  പുലയര്‍ ചേരമര്‍ എന്നും ചാന്നാര്‍ നാടാര്‍ എന്നും പറയര്‍ സാംബവര്‍ എന്നും കുറവര്‍ സിദ്ധനര്‍ എന്നും അരയര്‍ ധീവരര്‍ എന്നും കമ്മാളര്‍ “വിശ്വകര്‍മ്മജര്‍” എന്നും പുതിയ പേരുകള്‍ സ്വീകരിച്ച കാര്യം ശ്രീ കൊച്ച് ചൂണ്ടിക്കാട്ടുന്നു .അന്തസ്സ് ഉയര്‍ത്താനും സ്വാഭിമാനം ഉയര്‍ത്താനും ആയിരുന്നു ഈ പേര് മാറ്റം എന്നും ശ്രീ കൊച്ച് അവകാശപ്പെടുന്നു ..
എന്‍.എസ്.എസ് സ്ഥാപനകാലത്ത്, “ശൂദ്രര്‍” എന്ന പഴയ പേര് മാറ്റി “നായര്‍” എന്ന പേര് സ്വീകരിച്ച ജനസമൂഹത്തെയും  നമുക്ക് ഓര്‍ക്കാം .
പക്ഷെ പഴയ പേര്‍ തന്നെ തുടരുന്ന ചില അതിപ്രാചീന ജനസമൂഹങ്ങള്‍ കേരളത്തില്‍ ഇന്നുമുണ്ട് .കേരള ചരിത്രത്തിലെ ഏറ്റവും പഴക്കം ചെന്ന ചരിത്ര രേഖയായ “തരിസാപ്പള്ളി” എന്ന അയ്യന്‍ അടികള്‍ പട്ടയത്തില്‍ (സി.ഇ 849) ഒന്നിലധികം സ്ഥലങ്ങളില്‍ പരാമര്‍ശിക്കപ്പെടുന്ന “വെള്ളാളര്‍” ,”ഈഴവര്‍” എന്നിവര്‍ ഉദാഹരണം .പട്ടയം എഴുതിയത് “വെള്ളാള” (വേള്‍) കുലത്തില്‍ ജനിച്ച സുന്ദരന്‍ .ദാനം ചെയ്യുന്നത് കര്‍ഷകര്‍ ആയ വെള്ളാളര്‍ കൈവശം (“പൂമിയ്ക്ക് കരാളര്‍  വെള്ളാളര്‍” ) വച്ചിരുന്ന ഭൂമി .കൂടാതെ വിവിധ ജോലികള്‍ക്കായി നാലുകുടി വെള്ളാളര്‍, ഈഴവര്‍, ഈഴവ കയ്യര്‍ എന്നിവരെയും തരിസാ എന്ന ജൈനപ്പള്ളിയ്ക്ക് വിട്ടു കൊടുക്കുന്ന ചരിത്ര രേഖ .എന്നാല്‍  പട്ടയത്തില്‍ പേര്‍ വരാത്ത ക്രിസ്ത്യാനികളുടെ പേരില്‍ ആണ് ഈ പട്ടയം ഇന്നും അറിയപ്പെടുന്നത് .യഥാര്‍ത്ഥത്തില്‍ വെള്ളാള പട്ടയം എന്നോ, വെള്ളാള–ഈഴവ പട്ടയം എന്നോ അറിയപ്പെടെണ്ട ഒരു പുരാതന രേഖ .”കുരക്കേണി കൊല്ലം” എന്ന പുരാതന തെക്കന്‍ കൊല്ലത്ത് വച്ച് പ്രധാനമായും വട്ടെഴുത്തില്‍ (നാനം മൊനം )നിര്‍മ്മിക്കപ്പെട്ട  ഈ പുരാതന പട്ടയം അറിയപ്പെടുന്നതോ “കോട്ടയം പട്ടയം” എന്നും .രണ്ടിനും കാരണം ജര്‍മ്മന്‍ കാരന്‍ ഗുണ്ടെര്‍ട്ട് സായിപ്പും .ഈഴവരുടെ ചരിത്രം പലരും എഴുതിയിട്ടുണ്ട് .അവര്‍ ഈഴത്ത് നാട്ടില്‍ നിന്നും കുടിയേറിയവര്‍ എന്ന് മിക്കവരും സമ്മതിക്കുന്നു .എന്നാല്‍ പ്രാചീന തനതു കര്‍ഷക  ജനത ആയിരുന്ന “നാഞ്ചില്‍” എന്ന കലപ്പ കണ്ടുപിടിച്ച വെള്ളാളരുടെ ചരിത്രം ഒരാള്‍ മാത്രമാണ് എഴുതിയത് .ഹാരപ്പന്‍ ഉത്ഘനനത്തില്‍  പങ്കെടുത്ത പുരാലിപി വിദഗ്ദന്‍ ആയിരുന്ന, വി.ആര്‍ പരമേശ്വരന്‍ പിള്ള എഴുതിയ ദ്രാവിഡ സംസ്കാരം സഹ്യാദ്രിസാനുക്കളില്‍, അഞ്ജലി പബ്ലീഷേര്‍സ് പൊന്‍കുന്നം 1986 ). ആ ജനവിഭാഗത്തിന്‍റെ  വിശദമായ ചരിത്രം ഇനിയും എഴുതപ്പെടണം .
ഈ സമുദായത്തില്‍ പിറന്ന നവോത്ഥാന നായകര്‍ ആയ ശിവരാജയോഗി തൈക്കാട്ട് അയ്യാവു സ്വാമികള്‍ (1814-1909) ,മനോന്മണീയം സുന്ദരന്‍ പിള്ള (1855-1897),ആദ്യ സ്വാതന്ത്ര്യ സമരസേനാനി ജയ്‌ഹിന്ദ് ചെമ്പകരാമന്‍ പിള്ള (1891-1934) എന്നിവര്‍ അവര്‍ ജനിച്ച വെള്ളാള സമുദായത്തിനു വേണ്ടി മാത്രം സംഘടന ഉണ്ടാക്കിയവര്‍ ആയിരുന്നില്ല .പാശ്ചാത്യ വിദ്യാഭ്യാസം ലഭിച്ച ,ലോകം മുഴുവന്‍ അറിയപ്പെട്ടിരുന്ന  ആദ്യ രണ്ടു പേരുകാര്‍   സ്ഥാപിച്ച തിരുവനന്തപുരം പേട്ടയിലെ “ജ്ഞാനപ്രജാഗരം”(1876), ചെന്തിട്ടയിലെ “ശൈവ പ്രകാശ സഭ” (1885)എന്നിവ ഏതു മതക്കാര്‍ക്കും ഏതു സമുദായക്കാര്‍ക്കും കുബേര കുചേല ഭേദമന്യേ ,എന്തിനു ലിംഗസമത്വം പാലിച്ച് ആണിനും പെണ്ണിനും ഒരുപോലെ  അംഗത്വം നല്‍കിയിരുന്നു .കേരള നവോത്ഥാന ത്തിന്‍റെ ഈറ്റില്ലം ,പിള്ളതൊട്ടില്‍ ആയിരുന്നു  ആ മഹത് വ്യക്തികള്‍ ,നവോത്ഥാന നായകര്‍ സ്ഥാപിച്ച കൂട്ടായ്മകള്‍ ആയിരുന്നു .എസ്. ഹരീഷ  എഴുതിയ “രസവിദ്യയുടെ ചരിത്രം” എന്ന കഥ ഈ കൂട്ടായമയുടെ കൂടെ കഥയാണ് .പക്ഷെ കേരള നവോത്ഥാനത്തെ കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍, ആ മഹാന്മാരെ തമസ്കരിച്ചു കളയുന്നു .അവര്‍ക്ക് കേരളത്തില്‍ സ്മാരകമില്ല പ്രതിമകള്‍ ഇല്ല ..അവരുടെ പേരില്‍ പോസ്റ്റല്‍ സ്റ്റാമ്പ് ഇല്ല .അവരെ കുറിച്ച് പാഠപുസ്തകങ്ങളില്‍ പരാമര്‍ശവുമില്ല .
ഹാരപ്പന്‍ ഉത്ഘനനം നടക്കുന്നതിനു മുപ്പതു കൊല്ലം മുമ്പ് 1890 കളില്‍ പുരാതന ഭാരത സംസ്കാരം “ദ്രാവിഡ” സംസ്കാരം എന്ന് വാദിച്ചിരുന്ന പണ്ഡിതന്‍ ആയിരുന്നു മനോന്മണീയം സുന്ദരന്‍ പിള്ള .ഉത്ഘനനം നടത്തേണ്ടതു തെക്കേ ഇന്ത്യയിലെ നദീതടങ്ങളില്‍ ആവണം എന്നും അദ്ദേഹം വാദിച്ചു .പമ്പാ നദീതട പര്യവേഷണം വേണമെന്ന് നമുക്ക് തോന്നിയത് 2018 ല്‍ മാത്രവും .സ്വാമി വിവേകാനന്ദന്‍ തലേക്കെട്ട് ഇല്ലാത്ത വെറും നരേന്ദ്ര ദത്ത് ആയിരുന്ന കാലത്ത്, കേരളത്തില്‍ വന്നപ്പോള്‍ മനോന്മണീയവും ആയുള്ള കൂടിക്കാഴ്ചയില്‍, “ഞാന്‍ ശൈവനും ദ്രാവിഡനും” ആണെന്ന് തുറന്നു പറയാന്‍ ധൈര്യം കാട്ടിയത് സുന്ദരന്‍ പിള്ള എന്ന തിരുവിതാം കൂറിലെ ആദ്യ എം ഏ ബിരുദധാരി ആയിരുന്നു .അക്കാരണത്താല്‍ അദ്ദേഹം വംശീയ വാദം ഉന്നയിക്കുന്നു എന്ന് പറഞ്ഞു പലരും അദ്ദേഹത്തെ തമസ്കരിച്ചു കളഞ്ഞു .പക്ഷെ കരുണാനിധി സര്‍ക്കാര്‍ ആ ആലപ്പുഴക്കാരന്‍ പണ്ഡിതന്‍റെ പൂര്‍വ്വികരുടെ നാടായ തിരുനെല്‍വേലിയില്‍ അദ്ദേഹത്തിന്‍റെ പേരില്‍ ഒരു സര്‍വ്വകലാശാല തന്നെ തുടങ്ങി .മനോന്മണീയം സുന്ദരനാര്‍ (M.S)യൂണിവേര്സിറ്റി തന്നെ സ്ഥാപിച്ചു .അദ്ദേഹത്തിന്‍റെ നാടകത്തിലെ അവതരണ ഗാനം തമിഴ് നാടിന്‍റെ ദേശീയ ഗാനം ആയി സ്വീകരിക്കയും ചെയ്തു .






No comments:

Post a Comment