Monday, November 18, 2013

പേറും കീറും

പേറും കീറും

"പണ്ടൊക്കെ പേറ്‌; ഇപ്പോള്‍ കീറ്‌"
എന്നു പറഞ്ഞിരുന്ന കുഞ്ഞുണ്ണി മാഷ്
കലയവനികയ്ക്കു പിന്നില്‍ മറഞ്ഞു.
എന്നാലും ചൊല്ല് ആവര്‍ത്തിക്കപ്പെടുന്നു.

ഒരു കാലത്തു പ്രസവം മുഴുവന്‍ വീടുകളില്‍ ആയിരുന്നു.
മുതിര്‍ന്ന തലമുറയില്‍ പെട്ടവരെല്ലാം വീട്ടില്‍ ജനിച്ചവര്‍.
മലബാറിലെ ചില പ്രദേശങ്ങളെ ഒഴിവാക്കിയാല്‍ വീട്ടില്‍ 
കിടന്നുപ്രസവിക്കാനൊരിടത്തും ഇന്നു സ്ത്രീകള്‍ തയ്യാറാകില്ല.
ബന്ധുക്കളുംഅതിനു കൂട്ടു നില്‍ക്കില്ല.

ആശുപത്രികളിലെ പ്രസവംപലതും സിസ്സേറിയന്‍ വഴിയാവും.
അവയില്‍ പലതും
അനനാവശ്യമായി ചെയ്തതാണ് എന്നു പരാതി പറഞ്ഞു
കേള്‍ക്കാറുണ്ട്.കുറുന്തോട്ടിക്കഷായം കുടിക്കാത്തതു കൊണ്ടും
മുറ്റം അടിക്കാത്തതു കൊണ്ടും നെല്ലു കുത്താത്തതു കൊണ്ടു
ആണ് കീറ്‌ വേണ്ടി വരുന്നത് എന്നു പ്രായമുള്ള ചിലര്‍
പറയാറുമുണ്ട്.

വൈദ്യപഠനം നടത്തുന്ന വേളയില്‍ 1965 ലാണ്
ഈ ബ്ലോഗര്‍
ആദ്യമായി സിസ്സേറിയന്‍ കാണുന്നത്.
മമ്മി എന്നു സഹപ്രവര്‍ത്തകരും
വിദ്യാര്‍ഥികളും രോഗികളും ബന്ധുക്കളും ഒരു പോലെ
വിളിച്ചിരുന്ന
ഡോ.മിസ്സിസ് മേരി ഫിലിപ്സ് ആണ് സിസ്സേറിയന്‍ ചെയ്തിരുന്നത്.

"ഒരു സാധാരണ ഡോക്ടര്‍ ഒരു രോഗിയുടെ കാര്യം മാത്രം നോക്കുന്നു.
സൂതിശാസ്ത്രജ്ഞരാകട്ടെ, ഒരേ സമയം രണ്ടു പേരുടെ,ചിലപ്പോള്‍
അതിലും കൂടുതല്‍ പേരുടെ കാര്യം കൈകാര്യം ചെയ്യുന്നു"

മമ്മി കൂടെക്കൂടെ പറയുമായിരുന്നു.
50 പേരുണ്ടായിരുന്ന ഞങ്ങളുടെ
ബാച്ചില്‍ നിന്നും അരഡസന്‍ പേര്‍ സൂതിശാസ്ത്രം സ്പെഷ്യലൈസ്സു
ചെയ്യാന്‍ കാരണം മമ്മിയാണ്.

രസകരമായ സംഗതി ആറില്‍ അഞ്ചും പുരുഷന്മാര്‍ ആണെന്നതാണ്.
പി.കെ ശേഖരന്‍,കെ.കെ.പ്രഭാകരന്‍ എന്നിവര്‍ മലബാറിലും
വി.പി.പൈലി മദ്ധ്യകേരളത്തിലും പി.സി.ചെറിയാനും
ഞാനും മദ്ധ്യതിരുവിതാംകൂറിലും.
എറണാകുളം ലേക്‌ഷോര്‍ ഹോസ്പിറ്റലിലെ വിക്ടറി ജോസ്സി
മാത്രമാണ് ഏക പെണ്‍തരി.

അക്കാലത്ത് വന്‍ കിട ആശുപത്രികളിലെ പ്രസവങ്ങളില്‍
4-5 ശതമാനം
മാത്രമായിരുന്നു സിസ്സേറിയന്‍.പിന്നീടത് ഉയര്‍ന്നു
20,25 എന്നിങ്ങനെ.
2006 ല്‍ അമേരിക്കയില്‍ അത് 31 ശതമാനമായി.
പോര്‍ട്ടുഗലില്‍ അത്80 ശതമാനം വരെ ആയത്രേ.ലോകാരോഗ്യസംഘടന
പറയുന്നത് അത് 15 ശതമാനത്തില്‍ കവിയരുത് എന്നാണ്.എന്നാല്‍
മിക്ക ആശുപത്രികളിലും അതിലും ഉയര്‍ന്ന ശതമാനം സിസ്സേറിയന്‍
വഴിയാണെന്നു കാണാം.
എന്താണു കാരണം? നമുക്കൊന്നു പരിശോധിക്കാം.

ഗര്‍ഭസ്ഥ ശിശുവിനു തകരാര്‍ വരാതിരിക്കാന്‍,ഗര്‍ഭിണിയ്ക്കു
തകരാര്‍വരാതിരിക്കാന് അഥവാ ഇരുവര്‍ക്കും തകരാര്‍ വരാതിരിക്കാന്‍
ആയിരുന്നു പണ്ടൊക്കെ സിസ്സേറിയന്‍ ചെയ്യുക.
ഡോക്ടര്‍ക്കും
ആശുപത്രി ജോലിക്കാര്‍ക്കും ആശുപത്രിക്കും അതിന്‍റെ ഉടമയ്ക്കും
തകരാര്‍ വരാതിരിക്കാനും നമ്മുടെ കേരളത്തില്‍ ഇന്നു സിസ്സേറിയന്‍
ചെയ്യപ്പെടുന്നു.അതിനാല്‍ സ്വാഭാവികമായും സിസ്സേറിയന്‍ തോത് കേരളത്തില്‍ ഉയര്‍ന്നു.

പ്രസിവിക്കാനെത്തുന്നവരില്‍ പകുതിയും ഇന്നുകടിഞ്ഞൂല്‍ക്കാരികളാണ്.
കടിഞ്ഞൂല്‍ക്കാരികളില്‍ പ്രസവാരിഷ്ടതകള്‍ കൂടിയിരിക്കും.സ്വാഭാവികമായും
സിസ്സേറിയന്‍ ശതമാനം കൂടുന്നു.

ഇന്ന് ആശുപത്രികളില്‍ എത്തുന്ന
30-39 പ്രായത്തിലുള്ള ഗര്‍ഭിണികള്‍ മുമ്പ് അതേ പ്രായത്തില്‍ എത്തിയിരുന്നഗര്‍ഭിണികളുടെ ഇരട്ടിയത്രേ.40-44 പ്രായത്തിലുള്ള കടിഞ്ഞൂല്‍ക്കാരികളുംകൂടുതല്‍ തന്നെ.ഇതെല്ലാം ശസ്ത്രക്രിയകള്‍ കൂടാന്‍ കാരണമാകുന്നു.

ഗര്‍ഭസ്ഥശിശുവിന്റെ ചലങ്ങളും ഹൃദയമിടിപ്പും
നിരീക്ഷിക്കാന്‍ 1970
മുതല്‍ ഇലക്ട്രോണിക്സ് ഫീറ്റല്‍ മോണിറ്റര്‍ ലഭ്യമായി.
ഇപ്പോള്‍ കേരളത്തിലെ
ഒട്ടു മിക്കപ്രസവാശുപത്രികളിലും ഈ ഉപകരണം ഉണ്ട്.
അതോടെ ശസ്ത്രക്രിയകളുടെ
എണ്ണത്തില്‍ വര്‍ദ്ധനവു വന്നു.ഗര്‍ഭസ്ഥശിശുവിന്റെ ചലനങ്ങളിലോ ഹൃദയമിടുപ്പിലോ
വ്യതിയാനം കണ്ടാല്‍ ഒരു ഗൈനക്കോളജിസ്റ്റും ഇന്നു റിസ്ക് എടുക്കില്ല.
കൊടില്‍,വാക്വംഎന്നിവയും ഉപയോഗിക്കാന്‍ മടിക്കും.
നേരെ സിസ്സേറിയന്‍ ചെയ്തെന്നു വരും.

സീസ്സേറിയന്‍ എണ്ണം കൂടുന്നു.ശരി തന്നെ.
എന്നാല്‍ മരണമടയുന്ന,അംഗവൈകല്യം
വരുന്ന, നവജാതശിശുക്കളുടെ എണ്ണം കുറയുന്നതും മാതൃമരണനിരക്കു
കുറയുന്നതും കുഞ്ഞുണ്ണിയെ പോലുള്ള അവിവാഹിത
കവികള്‍ മാത്രമല്ല,
കുടുംബ ജീവിതം നയിക്കുന്ന പഴയ തലമുറയും കാണാതെ പോയി.
പോകുന്നു.
അഥവാ കണ്ടാലും അതെടുത്തു പറയാന്‍ മടിക്കുന്നു.
അറയ്ക്കുന്നു.

ഗര്‍ഭസ്ഥ ശിശുവിന്‍ പൃഷ്ടം (ബ്രീച്ച്) ആദ്യം വെളിയിലേയ്ക്കു
വരുന്ന സന്ദര്‍ഭങ്ങളില്‍
ശിശുമരണമടയാനുള്ള സാധ്യത 3 മുതല്‍ 30 വരെയാണ്.
ഏതു കുഞ്ഞു മരിക്കും,
ഏതു രക്ഷപെടാം എന്നാര്‍ക്കും പ്രവചിക്കാനാവില്ല.
അഥവാ പ്രവചിച്ചാലും പലപ്പോഴും
തെറ്റും.അതിനാല്‍ കടിഞ്ഞൂല്‍ക്കാരികളില്‍ ശിശുവിന്റെ കാലോ ചന്തിയോ ആണാദ്യം വരുന്നതെങ്കില്‍ ഇന്നേതൊരു ഗൈനക്കോളജിസ്റ്റും സിസ്സേറിയനേ ചെയ്കയുള്ളു.പണ്ടങ്ങനെ ആയിരുന്നില്ല.

അരക്കെട്ടിന്റെ പകുതി ഭാഗം വരെ ശിശുവിന്റെ തല ഇറങ്ങിയശേഷം ബാക്കി ഇറങ്ങാന്‍
ബുദ്ധിമുട്ടു തോന്നിയപ്പോഴെല്ലാം മുമ്പ് ഫോര്‍സപ്സ് എന്ന കൊടില്‍
പ്രയോഗം നടത്തിയിരുന്നു.
വാക്വം ഉപയോഗിച്ചായി പില്‍ക്കാലങ്ങളില്‍ ഇത്തരം
സന്ദര്‍ഭങ്ങളിലെ പ്രസവം.രണ്ടും രണ്ടു പാത്രമാക്കാന്‍
വളരെക്കാലം ഈ ഉപകരണങ്ങള്‍ സഹായിച്ചു.
പക്ഷേ മാതാവിന്റെ ജനനേന്ദ്രിയ ഭാഗങ്ങളില്‍ ഇവ
മിക്കപ്പോഴും ചെറുതും വലുതും ആയ ക്ഷതങ്ങള്‍ ഉളവാക്കിയിരുന്നു.അറിയാതെ മൂത്രം പോകല്‍
(ഫിസ്റ്റുല) തള്ളിവരലുകള്‍(പ്രൊലാപ്സ്) എന്നിവ അക്കാലത്തു സാധാരണമായിരുന്നു.

ശിശുക്കള്‍ക്കാകട്ടെ,അംഗ വൈകല്യങ്ങളും ക്ഷതങ്ങളും സാധാരണമായിരുന്നു.
കരയുന്ന,ജീവനുള്ള
കുഞ്ഞിനെ കിട്ടിയാല്‍ മാതാപിതാക്കളും ബന്ധുജനവും
സന്തുഷ്ടരായിരുന്നു.പില്‍ക്കാലത്ത് മന്ദബുദ്ധികളോ
വികലാംഗരോ ആവരുത് എന്ന കാര്യത്തില്‍ അവര്‍ താല്‍പ്പര്യം
കാട്ടിയിരുന്നില്ല.അഥവാ അക്കാര്യത്തില്‍
അവര്‍ അറിവുള്ളവര്‍ ആയിരുന്നില്ല.

ഇന്ന് ഒന്നുകില്‍ സ്വാഭാവിക പ്രസവം.കഴിയുന്നതും 12 മണിക്കൂറിനുള്ളില്‍.
അതു നടക്കില്ലെങ്കില്‍ സിസ്സേറിയന്‍.അതു മൂലം
വികലാംഗരുടേയും
മന്ദബുദ്ധികളുടേയും എണ്ണവും കുറയുന്നു.

പണ്ട് രണ്ട് ഡിസ്ട്രസ്സുകള്‍(Distress) മാത്രമേ
ഉണ്ടായിരുന്നുള്ളു.ഫീറ്റല്‍(ശിശു),മറ്റേര്‍ണല്‍(മാതൃ) എന്നിവ.
ഇന്ന് ഓബ്സ്റ്റട്രീഷ്യന്‍ ഡിസ്ട്രസ്സ്( ഡോക്ടര്‍ വക) എന്നൊരെണ്ണം
കൂടിയുണ്ട് സീശേറിയന്‍ചെയ്യാന്‍
കാരണമായി.തന്റെ തടിക്കു കേടു വരാതിരിക്കാന്‍ ഡോക്ടര്‍ നടത്തുന്ന സിസ്സേറിയന്‍.

പണ്ട് ഗര്‍ഭധാരണങ്ങളുടെ
എണ്ണംപരിമിതപ്പെടുത്തിയിരുന്നില്ല.ഉല്‍പാദനക്ഷമതയുടെ കാലം മുഴുവന്‍
അമ്മമാര്‍ ഗര്‍ഭം ധരിച്ചു. അടുത്തടുത്ത് ഗര്‍ഭം.വളരെ ചെറുപ്പത്തില്‍
തന്നെ പഴയ തലമുറ പ്രസവിക്കാനും തുടങ്ങി.10-12 പ്രസവം സാധാരണമായിരുന്നു.
അതില്‍ ചിലതു മരിച്ചാലോ
ചിലതിനംഗവൈകല്യം വന്നാലോ ചിലതു
മന്ദബുദ്ധിയായിപ്പോയാലോ
വല്യ പ്രശ്നമായിരുന്നില്ല.

'പിള്ളപോയാലും സാരമില്ല; തള്ളയെ കിട്ടിയാല്‍ മതി'
എന്നുംപറയുമായിരുന്നു. ഇന്നതു പോര.
28-30 പ്രായത്തിലാണ് കടിഞ്ഞൂല്‍ പ്രസവം.
രണ്ട്,ചിലപ്പോല്‍ ഒന്ന് എന്നാണ്ഗര്‍ഭധാരണം.
കുഞ്ഞും അമ്മയും വിലയേറിയവര്‍.
കുഞ്ഞു വളര്‍ന്നാല്‍ ബുദ്ധിയുള്ളതായിരിക്കണം.

പ്രസവാനന്തരം ലൈംഗിക ബന്ധത്തിന്‌
ബുദ്ധിമുട്ടുണ്ടാകാതിരിക്കാനും ഇന്നു
ഡോക്‌ടര്‍മാര്‍ ശ്രദ്ധിക്കുന്നു.
പണ്ടത്തെ പോലെ നിരവധി ഭാര്യമാര്‍,
ചിന്നവീടുകള്‍ എന്നിവയൊന്നും ഇന്നുസാധ്യമല്ലല്ലോ.
സീസ്സേറിയനു വിധേയമായാല്‍ ജനനേന്ദ്രിയ ഭാഗം
അവിവാഹിതരുടേതു പോലെ തന്നെ
തുടരുമെന്നാല്‍മറ്റു കാരണം പറഞ്ഞു സിസ്സേറിയന്‍
നടത്തിക്കുന്ന ചില മിടുക്കികളും നമ്മുടെഇടയിലും ഉണ്ട്.

അതേ,പേറു കുറയുന്നു.
കീറു കൂടുന്നു.

No comments:

Post a Comment